വര്‍ണ്ണം + | വര്‍ണ്ണം | = വര്‍ണ്ണം |
ചുവപ്പ് |
പച്ച |
മഞ്ഞ |
ചുവപ്പ് |
നീല |
മജന്ത |
നീല |
പച്ച |
സിയാന്‍ |
കണ്ണിന്റെ ദൃഷ്ടിപടലത്തിൽ പതിക്കുന്ന പ്രകാശരശ്മിയുടെ തരംഗദൈർഘ്യത്തിനനുസരിച്ച് ലഭിക്കുന്ന അനുഭവമാണ് നിറം. അതാര്യവസ്തു പ്രതിഫലിപ്പിക്കുന്നതോ വിസരണം ചെയ്യുന്നതോ ആയ ഘടകപ്രകാശത്തേയും സുതാര്യവസ്തു കടത്തിവിടുന്ന ഘടകപ്രകാശത്തേയും പ്രകാശം പൊഴിക്കുന്ന വസ്തു ഉത്സർജ്ജിക്കുന്ന പ്രകാശത്തേയും അതിന്റെ നിറം എന്നു പറയുന്നു. വിദ്യുത് കാന്തിക വർണ്ണരാജിയിലെ ചെറിയൊരു ഭാഗം മാത്രമേ മനുഷ്യനു നഗ്നനേത്രമുപയോഗിച്ച് കാണാൻ കഴിയുകയുള്ളുവെങ്കിലും അതിനുള്ളിൽ തരംഗദൈർഘ്യത്തിന്റെ ഏറ്റക്കുറച്ചിലനുസരിച്ച് ദശലക്ഷക്കണക്കിനു വ്യത്യസ്തനിറങ്ങൾ മനുഷ്യനു കാണാൻ കഴിവുണ്ട്. ദൃശ്യപ്രകാശത്തിലെ എല്ലാ ഘടകവർണ്ണങ്ങളും പ്രതിഫലിപ്പിക്കുന്ന വസ്തു വെളുപ്പ് നിറത്തിലായിരിക്കും കാണുക. അതുപോലെ ഒരു ഘടകവർണ്ണത്തേയും പ്രതിഫലിപ്പിക്കാത്ത പ്രതലം കറുപ്പുനിറത്തിലും കാണുന്നതായിരിക്കും.
മനുഷ്യൻ നിറങ്ങളെ വ്യത്യസ്തങ്ങളായി കാണുന്നത് വ്യത്യസ്ത തരംഗദൈർഘ്യത്തിലുള്ള പ്രകാശരശ്മികളെ തിരിച്ചറിയാനുള്ള കണ്ണിലെ ദൃഷ്ടിപടലത്തിന്റെ കഴിവുകൊണ്ടാണ്. നിറങ്ങൾ കാണാനായി കണ്ണ് അതിന്റെ ദൃഷ്ടിപടലത്തിലെ കോൺ കോശങ്ങളെ ഉപയോഗിക്കുന്നു. മൂന്നു തരത്തിലുള്ള കോൺ കോശങ്ങളാണ് കണ്ണിലുള്ളത്, തരംഗദൈർഘ്യം തീരെ കുറഞ്ഞവയെ തിരിച്ചറിയാൻ കഴിയുന്നവ അഥവാ എസ് കോൺ കോശങ്ങൾ, ഇടത്തരം തരംഗദൈർഘ്യമുള്ളവയെ തിരിച്ചറിയാൻ കഴിയുന്നവ അഥവാ എം കോൺ കോശങ്ങൾ, കൂടിയ തരംഗദൈർഘ്യമുള്ളവയെ തിരിച്ചറിയാൻ കഴിയുന്നവ അഥവാ എൽ കോൺ കോശങ്ങൾ എന്നിവയാണവ. ഇവയിലോരോ ഇനം മാത്രമാണ് ഉദ്ദീപിക്കപ്പെടുന്നതെങ്കിൽ യഥാക്രമം നീല, പച്ച, ചുവപ്പ് എന്നീ നിറങ്ങൾ കാണുന്നു.
തരംഗദൈർഘ്യം വ്യത്യാസപ്പെടുന്നതിനനുസരിച്ച് പ്രകാശരശ്മിയിലെ ഊർജ്ജം വ്യത്യാസപ്പെടുന്നുണ്ട്. ഈ ഊർജ്ജവ്യത്യാസത്താൽ വ്യത്യസ്ത കോശങ്ങൾ വ്യത്യസ്ത അളവിൽ ഉദ്ദീപിക്കപ്പെടുന്നു. ഉദാഹരണമായി 535 നാനോമീറ്റർ തരംഗദൈർഘ്യമുള്ള പ്രകാശരശ്മി കണ്ണിൽ പതിക്കുമ്പോൾ എം കോൺ കോശങ്ങൾ മാത്രമേ ഉദ്ദീപിക്കപ്പെടുന്നുള്ളു,
തത്ഫലമായി നമ്മൾ പച്ചനിറം മാത്രം കാണുന്നു. നിറം തിരിച്ചറിയുന്നതിനായി തലച്ചോർ വ്യത്യസ്ത കോശദ്വയങ്ങൾ (എസ്-എം അഥവാ നീല-പച്ച, എസ്-എൽ അഥവാ നീല-ചുവപ്പ്, എം-എൽ അഥവാ പച്ച-ചുവപ്പ്) നൽകുന്ന വിവരങ്ങൾക്കു പുറമേ കണ്ണിലെ റോഡ് കോശങ്ങൾ നൽകുന്ന കറുപ്പ്-വെളുപ്പ് ദൃശ്യത്തിന്റെ വിവരങ്ങളും സ്വീകരിക്കുന്നുണ്ട്. അതുകൊണ്ട് പ്രകാശം ഉള്ള അവസ്ഥയിലും പ്രകാശം കുറവുള്ള അവസ്ഥയിലും ഒരേ നിറം വ്യത്യസ്തമായി കാണാനിടയുണ്ട്. പ്രകാശം വളരെ കുറവുള്ള അവസ്ഥയിൽ തലച്ചോർ കോൺ കോശങ്ങൾ നൽകുന്ന വിവരങ്ങളെ കണക്കിലെടുക്കാതെ അരണ്ട വെളിച്ചത്തിൽ കൂടുതൽ ക്ഷമതയുള്ള റോഡ് കോശങ്ങൾ നൽകുന്ന വിവരങ്ങളാണ് ദൃശ്യം നിർമ്മിക്കാൻ ഉപയോഗിക്കുക. അതിനാൽ അത്തരം അവസ്ഥയിൽ ദൃശ്യം കറുപ്പും വെളുപ്പുമായിട്ടാവും കാണുക.
നീല, പച്ച, ചുവപ്പ് എന്നീ നിറങ്ങളെ പ്രാഥമിക വർണ്ണങ്ങൾ എന്നു വിളിക്കുന്നു.ഒരു സമന്വിത പ്രകാശം വളരെയധികം വർണ്ണങ്ങൾ ചേർന്നതാണെങ്കിലും കണ്ണ് അതിനെ തിരിച്ചറിയുന്നത് ഈ മൂന്നു നിറങ്ങൾ ഉപയോഗിച്ചാണ്. തിരിച്ചറിയപ്പെടുന്ന നിറങ്ങൾ ഓരോന്നും ഈ നിറങ്ങളുടെ വ്യത്യസ്ത അളവിലുള്ള സംയോജനങ്ങളുടെ ഫലമായിട്ടാണ് ഉണ്ടാകുന്നത്.
കോശങ്ങൾ ഉദ്ദീപിക്കപ്പെടുന്നതിന്റെ അളവിന്റെ വ്യത്യാസമനുസരിച്ചാണ് ഇങ്ങനെ വിവിധ സംയോജനങ്ങളുണ്ടാകുന്നത്. പ്രാഥമിക വർണ്ണങ്ങൾ ചേർന്ന് ദ്വിതീയ വർണ്ണങ്ങളായ സിയൻ (നീല-പച്ച), മഞ്ഞ (ചുവപ്പ്-പച്ച), മജന്ത (ചുവപ്പ്-നീല) എന്നീ നിറങ്ങൾ ഉണ്ടാകുന്നു. ദ്വിതീയ വർണ്ണങ്ങൾ തമ്മിലുള്ളതോ, ദ്വിതീയ വർണ്ണങ്ങളും പ്രാഥമിക വർണ്ണങ്ങളും തമ്മിലുള്ളതോ ആയ സംയോജനഫലമായി നിരവധി അനവധി വർണ്ണങ്ങൾ കാണാൻ കഴിയുന്നു. വ്യത്യസ്ത തീവ്രതയിലുള്ള പ്രാഥമിക വർണ്ണങ്ങൾ ചേരുമ്പോഴും വ്യത്യസ്തങ്ങളായ നിരവധി വർണ്ണങ്ങൾ കാണാൻ കഴിയുന്നതാണ്. ടെലിവിഷൻ തുടങ്ങിയ ഉപകരണങ്ങൾ കണ്ണിന്റെ ഈ പ്രത്യേകതയെ അടിസ്ഥാനമാക്കിയാണ് വർണ്ണദൃശ്യങ്ങൾ കാട്ടിത്തരുന്നത്. കണ്ണിലെ ഏതെങ്കിലും വിധത്തിലുള്ള കോൺകോശങ്ങൾക്ക് എന്തെങ്കിലും തകരാറുണ്ടെങ്കിൽ അതും അതിന്റെ സംയോജനത്താലുണ്ടാകുന്ന നിറങ്ങളും കാണുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നതാണ്, ഈ അവസ്ഥയ്ക്ക് വർണ്ണാന്ധത എന്നുപറയുന്നു.
No comments:
Post a Comment