കവിതയുടെ ഭാവലോകം -
മാനവമാനസഭാവങ്ങളാണ് ലോകത്തിൽ ഏതു ഭാഷയിലെ സാഹിത്യത്തിന്റെയും അടിസ്ഥാന ഘടകം. കവിതയെന്ന സാഹിത്യരൂപത്തിൽ, വിശേഷിച്ചും ഭാവകവിതയിൽ അത് കേന്ദ്രബിന്ദുവും വൃത്തപരിധിയുമെല്ലാമാണ്. നാടകീയത അഥവാ ഇന്ദ്രിയപ്രത്യക്ഷതയാണ് കവിതയ്ക്കു ചൈതന്യമുളവാക്കുന്നതെന്നു വാദിക്കുകയും ജീവൻ വയ്പിക്കുകയെന്ന ആ പ്രക്രിയ മാനുഷകഥാപാത്രങ്ങളിലൂടെ മാത്രമേ സാക്ഷാത്കരിക്കാനാവൂ എന്ന് നിദർശനങ്ങളിലൂടെ സമർഥിക്കുകയും ചെയ്തുവരുന്നുണ്ട്. (നാടകാന്തം കവിത്വം മുണ്ടശ്ശേരി)
ലോകത്തിലെ ഏതു ഭാഷയിലും പ്രാചീനകാലത്തെ കവിതയിൽ മാനുഷകഥകളും കഥാപാത്രങ്ങളും ഏറെക്കുറെ അനിവാര്യഘടകമായിരുന്നു. ഇന്ത്യയിലെ പ്രാചീനതമവേദമന്ത്രങ്ങളിൽ പ്രകൃതിയിലെ പ്രതിഭാസങ്ങളും മാനുഷേതരസത്തകളും വർണ്യമാവുന്ന പല സന്ദർഭങ്ങളിലും അവയ്ക്കു മാനുഷാകാരങ്ങൾ സങ്കല്പിക്കുന്നതായിക്കാണാം. ഉഷസ്സ്, മേഘം, മഴ, സന്ധ്യ, ഇടിവെട്ട്, മിന്നൽ, തേജോഗോളങ്ങൾ മുതലായവ വർണ്യങ്ങളായ പല സന്ദർഭങ്ങളിലും അവയ്ക്കു ദേവതകളുടെ ആത്മാവും മാനവരുടെ ആകാരവും അവ ഉൾപ്പെട്ട പ്രതിഭാസങ്ങൾക്ക് മാനവജീവിതത്തിലെ സംഭവങ്ങളുടെ സ്വരൂപവും നൽകുന്നതു കാണാം.
ഇതിഹാസ-പുരാണഘട്ടങ്ങളിലേക്കു കടക്കുന്നതോടെ കഥാപാത്രങ്ങളും കഥകളുമില്ലാത്ത കേവല ഭാവാത്മകരചനകൾ വിരളമായി. പിൽക്കാലത്ത് നാടകം, ആഖ്യായിക, കഥ എന്നിവ ലോകത്തെങ്ങും ഗദ്യത്തിലൂടെ അവതീർണ്ണമായിത്തുടങ്ങിയപ്പോൾ കവിത കേവല ഭാവാത്മകമാവാൻ തുടങ്ങി. ഭാഗികമായി വൃത്തബദ്ധമോ വൃത്തഗന്ധിയോ നിർവൃത്തമോ ആയ ഗദ്യം കവിതയുടെ രൂപഘടനയ്ക്കു ചേരും എന്ന സങ്കല്പവും ലോകവ്യാപകമായി അംഗീകരിക്കപ്പെട്ടു. മറ്റു ഭാരങ്ങളോരോന്നോരോന്നായി കവിതയിൽനിന്ന് അകന്നുപോയതോടെ കവിതയുടെ 'ഭാരം' ഭാവമൊന്നു മാത്രമായി. ആ ഭാരത്തിൻ്റെ അഭാവത്തിൽ വാങ്‌മയം കവിതയായി പരക്കെ അംഗീകരിക്കപ്പെടാതെയുമായി.
അഞ്ച് ഇന്ദ്രിയങ്ങളിലൂടെയും മാനസസങ്കല്പങ്ങളിലൂടെയും നമുക്ക് പ്രപഞ്ചപ്രകൃതിയെ സംബന്ധിച്ചുള്ള അനുഭവങ്ങൾ നേടാം. അനുഭവങ്ങൾ മാനസഭാവങ്ങളെ ഉന്മീലനം ചെയ്യുന്നു. ഉദിച്ചുയരുന്ന ചന്ദ്രബിംബത്തെ നേത്രേന്ദ്രിയം കൊണ്ടു കാണുന്നു. അദ്ഭുതഹർഷാദികൾ കലർന്ന നിസ്വാർഥമായ ആനന്ദം മനസ്സിൽ ഉണരുന്നു. ഭാവോത്തേജകമല്ലാത്ത 'അറിവു'കൾ മാത്രം ഇന്ദ്രിയങ്ങളിലൂടെ ഉൾക്കൊള്ളുകയും ഭാവസ്‌പർശമേതുമില്ലാതെ അവയെ കേവല വസ്തുനിഷ്ഠമായി ഭാഷയിലൂടെ വെളിപ്പെടുത്തുകയും മാത്രമാണെങ്കിൽ ആ വാങ്മയത്തെ കവിത എന്നു വ്യവഹരിക്കാറില്ല. ഭാഷ വസ്തുമാത്രനിഷ്ഠമെങ്കിൽ ആശയനിവേദകവും ഭാവോത്തേജനാത്മകമെങ്കിൽ വികാരനിവേദകവും (motive - emotive) ആണ്.
കുഞ്ഞ് മുലപ്പാൽ കുടിച്ചു എന്നത് ആശയനിവേദകമാണ്. 'മാതൃത്വമാധുര്യം തിങ്ങിത്തുടിക്കുമെൻ മാറിൽ നിന്നിച്ചോരിവായിലേക്കായ് സേവനോൽക്കണ്ഠയാൽ ശുദ്ധീഭവിച്ചമ ജ്ജീവരക്തം താനുറന്നൊഴുകി' എന്നു പറഞ്ഞാലും കുട്ടിക്കു മുല കൊടുത്തു എന്നുതന്നെയാണർഥം. ആ അർഥം മാത്രം അല്ല അതിലുള്ളത്. ചില ഭാവങ്ങൾ അതിൽനിന്ന് ഉറന്നൊഴുകുന്നു. ഈ ഭാഷ emotive (വികാരോദ്ദീപകം) ആണ്. ഇത് കവിതയാണ്. വികാരവൈദ്യുതി ആധാനം ചെയ്ത വാക്കുകൾ കവിതയോടടുക്കുന്നു.
കേവലം ലൗകികമായ വികാരങ്ങൾ മാത്രമുണ്ടായാലും പോരാ, കവിതയാവാൻ. 'എന്റെ മോന് അമ്മിഞ്ഞ കുടിച്ചു തൃപ്തിയായി; നോക്കൂ അവൻ്റെ ചിരി' എന്നൊരമ്മ പറയുമ്പോഴും, "പാവം. നേരത്തു മുലപ്പാൽ കിട്ടാതെ എൻ്റെ മോൻ തളർന്നുപോയി' എന്ന് കുഞ്ഞിനെ മുലയൂട്ടാൻ പോലും നേരം കിട്ടാതെ പാടുപെട്ടു പണിയെടുക്കേണ്ടിവരുന്ന ഒരമ്മ പറയുമ്പോ വാക്കുകളിൽ വികാരം തുളുമ്പുന്നുണ്ട്. ഇപ്രകാരം ലോകസാമാന്യമായ വികാരം മാത്രം പ്രകടിപ്പിക്കുമ്പോൾ ഇത്തരം വാക്കുകളെ കവിതയെന്നു വിശേഷിപ്പിക്കാറില്ല. ഭാവവും ഭാഷയിൽ ചില വൈചിത്ര്യങ്ങളും ഒത്തുചേരണം കവിതയാവാൻ. ഭാവസ്പർശമേയില്ലാത്ത ഭാഷാവൈചിത്ര്യങ്ങളെ കവിതയായിക്കണക്കാക്കുന്നില്ലെന്ന അർഥത്തിലാണ് കവിതയുടെ അടിസ്ഥാനഘടകം മാനവമാനസഭാവങ്ങളാണെന്നു പറഞ്ഞത്.
മാനവമാനസഭാവങ്ങളുടെ മാധ്യമങ്ങൾ എല്ലായ്പ്‌പോഴും മാനവമാവണമെന്നില്ല. പുല്ലിനും പൂഷാവിനും അവയ്ക്കിടയിലുള്ള ഏതു വസ്തുവിനും മാധ്യമമാവാൻ കഴിയും. അപ്പോൾ അവ ഏതെങ്കിലും വിധത്തിൽ മാനവപ്രാതിനിധ്യം വഹിക്കുന്നുമുണ്ടാവും. "അകലെ വടക്കെ മലയുടെ പാർശ്വത്തിൽ മഞ്ഞുടയാട പൂണ്ട ഒരു ഫർമരം പൂർവദേശങ്ങളിലൊന്നിലെ ചുട്ടുപഴുത്ത പാറക്കൂട്ടങ്ങൾക്കിടക്ക് ഏകനും മൂകനുമായി അഴൽപ്പെടുന്ന ഒരു പനമരത്തെ സ്വപ്നം കാണുന്നു' എന്ന് ഒരു കൊച്ചു കവിതയിൽ ജർമ്മൻ കവിയായ ഹെയ്നെ വർണ്ണിക്കുന്നു. അതിനെ ഒരു ഭാവകവിത എന്നു വിശേഷിപ്പിക്കുന്നത്, പ്രണയാതുരതയെന്ന മാനവമാനസഭാവം ആ പ്രതീകങ്ങളിലൂടെ പ്രസരിക്കുന്നതുകൊണ്ടാണ്. വൃക്ഷങ്ങൾ തമ്മിൽ പ്രണയം പോലും! എന്തൊരസംബന്ധം! എന്തൊരു അത്യുക്തി! എന്നൊന്നും കവിതയ്ക്കുവേണ്ടി തുറന്നുവച്ച കാതും കരളുമുള്ളവർ പറയാറില്ല.
'കയ്പക്ക'യെന്ന തിക്തഫലംകൊണ്ട് ഉപ്പേരിവച്ചാലുള്ള രുചിയെപ്പറ്റിപ്പറയുകയോ വിപണിയിൽ അതിന്നുള്ള മൂല്യം വിവരിക്കുകയോ പ്രമേഹത്തിന്നിരയായവർക്ക് അത് ഹിതാഹാരമാണെന്നു പ്രതിപാദിക്കയോ ചെയ്യുന്നുവെന്നിരിക്കട്ടെ. വൈചാരികമായ ആ പ്രതിപാദനത്തിൽ കവിതാസ്‌പർശമുണ്ടാവില്ല. എന്നാൽ, വേലിമേൽ പടർന്നുനില്ക്കുന്ന കയ്‌പവല്ലരിയിലുണ്ടായ ഇളംകായ്കളെ 'പീയുഷഡംഭത്തെയും ഭേദിച്ചമ്പൊടു കയ്പ്‌പവല്ലിതരസാപെറ്റുള്ള പൈതങ്ങളേ' എന്ന് ഒരാൾ അഭിസംബോധന ചെയ്യുമ്പോൾ, അതാ, ആ കയ്പക്കപ്പൈതങ്ങളിൽ നക്ഷത്രോദയമുണ്ടാകുന്നു! കവിതയുടെ നക്ഷത്രം. എങ്ങനെയാണിതുളവാകുന്നത്? 'പെറ്റുള്ള' എന്നും 'പൈതങ്ങൾ' എന്നുമുള്ള പദപ്രയോഗങ്ങളാണ് ഈ മാജിക് സാക്ഷാത്കരിക്കുന്നത്. മനുഷ്യചൈതന്യം അചേതന വസ്തുക്കളിലേക്ക് ഊതിക്കയറ്റുന്ന ഇന്ദ്രജാലവിദ്യ. അപ്പോൾ വാക്കുകളിൽ മാനവവികാരത്തിൻ്റെ വൈദ്യുതി പായുന്നു. 'words charged with emotions' എന്ന് ഈ കവിതാതത്വത്തെ ആധുനികതയുടെ ഭാഷയിൽ ചിലർ നിർവചിച്ചിട്ടുണ്ട്. കയ്പവല്ലിയിൽ ഒരമ്മയും ഇളംകായ്കളിൽ മനുഷ്യപ്പൈതങ്ങളും പ്രത്യക്ഷപ്പെടുന്നു. ആ രൂപണത്തിലൂടെ ഭാവം 'ഇന്ദ്രിയപ്രത്യക്ഷ'മാവുന്നു. ഈ ശ്ലോകപാദത്തിൽ 'തരസാ' പോലുള്ള അനുപേക്ഷണീയമല്ലാത്ത പദങ്ങളുണ്ട്. എങ്കിലും നിരർഥക പദപ്രയോഗം വലിയൊരു 'ദോഷ'മാണെന്ന് ഇത് വിരചിതമായ കാലഘട്ടത്തിൽ കവികൾ നിനയ്ക്കാറില്ലായിരുന്നു. ഈ ദോഷം പരിഹരിച്ചുകൊണ്ട് 'കയ്പവല്ലിയിൽ വിളഞ്ഞുള്ളോരിളം കായ്കളേ!' എന്നൊന്നു മാറ്റിയാൽ കവിത കൂടുതൽ നന്നാകുമോ? 'വിളയുക', 'ഇളം' മുതലായ ശബ്ദങ്ങളുടെ കളകളം കൊണ്ടും ഈ വാക്യത്തിൽ കവിത ഉയിർക്കുന്നില്ല എന്നും തിരിച്ചറിവുള്ളവർ കാണും. ശബ്ദഭംഗി കൊണ്ടു മാത്രം കവിതയുണ്ടാക്കാവതല്ല. മാനസഭാവം വാക്കുകളിൽ തുടിക്കണം. അതാണ് രഹസ്യം.
'ക്രിസ്തുദേവൻ പച്ചവെള്ളത്തെ വീഞ്ഞാക്കി' എന്നു മൊഴിഞ്ഞാൽ ജാലവിദ്യക്കാരന്റെ ചെയ്തി വിവരിക്കും പോലുള്ള ഒരു പ്രതിപാദനം മാത്രമാണത്. തന്റെ സ്രഷ്ടാവിനെ ദർശിച്ച മുതൽ അംബുവിൻ്റെ മുഖം തുടുത്തു (Water blushed) എന്നു വിവരിച്ചപ്പോൾ അതിനെ കവിത തുളുമ്പുന്ന കാവ്യബിംബമെന്ന് ലോകം വാഴ്ത്തി. Blushed എന്ന പദത്തിൻ്റെ അർഥശക്തിയാലാണത്. അതോടെ അരുണസുന്ദരമായ ഒരു തരുണീമുഖം ഇന്ദ്രിയപ്രത്യക്ഷമാകുന്നതിനാൽ. വാക്കുകളുടെ ഇന്നിന്നതരത്തിലുള്ള ചേരുവകൊണ്ട് ആ ഊർജസ്ഫുലിംഗം സൃഷ്ടിക്കാം എന്നു നിർദേശിക്കുന്ന ഒരു ഫോർമുല ഇല്ല. ഉണ്ടായിരുന്നെങ്കിൽ, ഔഷധങ്ങളുണ്ടാക്കും പോലെ ആർക്കും കവിത രചിക്കാൻ കഴിയുമായിരുന്നു. കവിതയും (കലാരൂപങ്ങളും) അങ്ങനെ ഉണ്ടാക്കാവതല്ല. അവ ഉണ്ടാവണം. മനസ്സിൽ 'ഉണ്ടായ' രൂപമേ കല്ലിലോ മരത്തിലോ ഉണ്ടാക്കാനാവൂ. ഉള്ളിൽ 'ഉളവായ' കവിതയേ വാക്കുകളിൽ ഉയിർക്കൊള്ളിക്കാനാവൂ.
ബാലാമണിയമ്മയുടെ കവിതാലോകങ്ങൾ
ഡോ. എം. ലീലാവതി









No comments:
Post a Comment