കുറേനാളായുള്ളി-
ലൊരുത്തിതൻ ജഡമാളിഞ്ഞു നാറുന്നു
വിരലുകൾ മൂക്കിൽ
തിരുകിയാണു ഞാൻ നടപ്പതെങ്കിലും
അരികത്തുള്ളോരു-
മകലത്തുള്ളോരുമൊഴിഞ്ഞുമാറുന്നു
അറിവുവെച്ചപ്പോൾ
അവളുണ്ടെന് കണ്ണിലൊരു നൂലട്ടയായ്*
വിശപ്പിനാൽ വാരി
വലിച്ചുതിന്ന് ചത്തവന്ന് തള്ളയായ്
ഒരു പെണ്ണിൻ തല-
യവൾക്കു ജന്മനാ കിടച്ചുവെങ്കിലു-
മതിന്റെ കാതിന്മേൽ
കടലിരമ്പീല-തിര തുളുമ്പീല
മുഖത്തു കണ്ണുക-
ളതിന്നു പാതിരയ്ക്കടക്കുവാൻ മാത്രം,
ഒരു നിശബ്ദമാം
മുറിവിൻ വക്കുകളതിന്റെ ചുണ്ടുകൾ
മയങ്ങാറുണ്ടാവി-
ല്ലവളോളം വൈകിയൊരു നക്ഷത്രവും,
ഒരൊറ്റ സൂര്യനു-
മവളെക്കാൾ നേർത്തെ പിടഞ്ഞെണീറ്റിലാ
പുറപ്പെട്ടേടത്താ-
ണൊരായിരം കാതമവൾ നടന്നിട്ടും;
കുനിഞ്ഞു വീഴുന്നു-
ണ്ടൊരായിരം വട്ടം നിവർന്നു നിന്നിട്ടും;
ഉണർന്നിട്ടില്ലവ-
ളൊരായിരം നെഞ്ചിൽ ചവിട്ടുകൊണ്ടിട്ടും
ഒരു കുറ്റിച്ചൂല്-
ഒരു നാറത്തേപ്പ്*-ഞെണുങ്ങിയ വക്കാർ-
ന്നൊരു കഞ്ഞിപ്പാത്രം
ഒരട്ടി മണ്ണവൾ !
ഗതികിട്ടാത്തതാ-
മവൾ തന്നാത്മാവിന്നൊരു യന്ത്രം പോലെ-
യഴിച്ചെടുത്തു ഞാ-
നതി സൂക്ഷ്മം വേറൊരുടലിൽ ചേർക്കാവൂ!
ഒരു നൂലട്ടപോ-
ലിഴയും പെണ്ണിന്റെയുടലിനോടല്ല ;
വിശക്കുമ്പോളൂരി-
ലിറങ്ങുന്ന നരഭുക്കാം കടുവയിൽ
(ഇനിയുമുണ്ണിക -
ളു റങ്ങുമ്പോഴത്തിൻ മുരൾച്ച കേൾക്കാവൂ
മലയുടെ താഴെ
വയലിനക്കരെ, കതകിനപ്പുറം )
അവളുടെ നാവി -
ന്നെടുത്തു വേറൊരു കുരലിൽ ചേർക്കാവൂ;
ഇറയത്തെച്ചിലു
രുചിച്ചിട്ടുന്നൊരു കൊടിച്ചിയിലല്ല;
വിശക്കുമ്പോഴിര
വളഞ്ഞു കൊന്നുതിന്നീടുന്ന ചെന്നായയിൽ
പൂരങ്ങളും ജന -
പദങ്ങളും ചൂഴും വനവഹ്നികളി-
ലവൾതന്നുഗ്രമാം
വിശപ്പു ചേർക്കാവൂ, കലർത്തിടാവൂഞാ -
നവൾ തൻ വേദന
ചലവും ചോരയുമൊലിക്കും സന്ധ്യയിൽ,
അവളുടെ ശാപ -
മണയ്ക്കാവൂ വിളനിലങ്ങളെയുണ-
കിട്ടുന്ന സൂര്യനിൽ
വസൂരിമാലകൾ കുരുത്ത വ്യോമത്തിൽ
ബലിമൃഗമായി-
ട്ടെടുത്തിടാവൂ ഞാനവളുടെ മൃതി.
No comments:
Post a Comment