UGC,NET,SET,TET,PSC,UPSC,BA,MA,PLUS TWO,SCHOOL STUDENTS USEFUL STE

നിങ്ങളുടെ ഭാഷയിൽ ഈ സൈറ്റ് വായിക്കാൻ കഴിയും. Google വിവർത്തനം ഉപയോഗിക്കുക. आप इस साइट को अपनी भाषा में पढ़ सकते हैं। कृपया Google अनुवाद का उपयोग करें। Maaari mong basahin ang site na ito sa iyong wika. Mangyaring gamitin ang google translate.You can read this site in your language. Please use google translate. يمكنك قراءة هذا الموقع بلغتك. الرجاء استخدام مترجم جوجل.

.

Monday 5 October 2020

വാസനാവികൃതി-മലയാളത്തിലെ ആദ്യത്തെ ചെറുകഥ

 


രചന:വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ (1891)

.1891ൽ വിദ്യാവിനോദിനി മാസികയിൽ പ്രസിദ്ധീകരിച്ചു.




രാജശിക്ഷ അനുഭവിച്ചിട്ടുള്ളതിൽ എന്നെപ്പോലെ ഭാഗ്യഹീനന്മാരായി മറ്റാരും ഉണ്ടായിട്ടില്ല. എന്നെക്കാൾ അധികം ദുഃഖം അനുഭവിച്ചവരും അനുഭവിക്കുന്നവരും ഇല്ലെന്നല്ല ഞാൻ പറയുന്നത്. എന്നാൽ എന്നെപ്പോലെ വിഡ്‌ഢിത്തം പ്രവർത്തിച്ചു ശിക്ഷായോഗ്യന്മാരായി വന്നിട്ടുള്ളവർ ചുരുക്കമായിരിക്കും. അതാണ് ഇനിക്കു സങ്കടം. ദൈവം വരുത്തുന്ന ആപത്തുകളെ അനുഭവിക്കുന്നതിൽ അപമാനമില്ല. അധികം ബുദ്ധിയുള്ള പോലീസ് ഉദ്യോഗസ്ഥന്മാരാൽ തോൽപ്പിക്കപ്പെടുന്നതും സഹിക്കാവുന്ന സങ്കടമാണ്. താൻ തന്നെ ആപത്തിനുള്ള വല കെട്ടി ആ വലയിൽ ചെന്നുചാടുന്നത് ദുസ്സഹമായിട്ടുള്ളതല്ലേ? എന്നുമാത്രമല്ല കുടുങ്ങുന്ന ഒരു കെണിയാണെന്ന് ബുദ്ധിമാന്മാരായ കുട്ടികൾക്കുകൂടി അറിയാവുന്നതായിരുന്നാൽ പിന്നെയുണ്ടാകുന്ന സങ്കടത്തിന് ഒരതിരും ഇല്ല. ഇതാണ് അവമാനം അവമാനം എന്നു പറയുന്നത്.


എന്റെ വീട് കൊച്ചിശ്ശീമയിലാണ്. കാടരികായിട്ടുള്ള ഒരു സ്ഥലത്താണെന്നു മാത്രമേ ഇവിടെ പറയാൻ വിചാരിക്കുന്നുള്ളൂ. ഒരു തറവാട്ടിൽ ഒരു താവഴിക്കാർ കറുത്തും വേറൊരു താവഴിക്കാർ വെളുത്തും കണ്ടിട്ടുള്ള അനുഭവം നിങ്ങൾക്കുണ്ടായിരിക്കണം. എന്റെ തറവാട്ടിലും ഇതുപോലെയാണ്. എന്നാൽ നിറഭേദമുള്ളത് ദേഹത്തിനല്ല മര്യാദയ്ക്കാണ്. എല്ലാ കാലത്തും ഒരുവകക്കാര് മര്യാദക്കാരും മറ്റേ വകക്കാര് അമര്യാദക്കാരുമായിട്ടാണ്. ഈ വേർതിരിവ് ഇന്നും ഇന്നലെയും ആയി തുടങ്ങിയതല്ല. കാരണവന്മാരുടെ കാലത്തേ ഉള്ളതാണ്. അമര്യാദതാവഴിയിലാണ് എന്റെ ജനനം. ഇക്കണ്ടക്കുറുപ്പ്, രാമൻ നായർ എന്നിങ്ങനെ രണ്ടു ദിവ്യപുരുഷന്മാരെ നിങ്ങളിൽ ചിലരെങ്കിലും കേട്ടിരിക്കാതിരിക്കയില്ല. അവരിൽ ആദ്യം പറഞ്ഞ മനുഷ്യൻ എന്റെ നാലാം അച്ഛനാണ്. നാലു തലമുറ മുമ്പിലത്തെ ഒരു അമ്മാവനും ആണ്. അദ്ദേഹത്തിന്റെ ഓർമ്മയ്‌ക്കു തന്നെയാകുന്നു ആ പേര് എനിക്കിട്ടിട്ടുള്ളതും. അതുകൊണ്ട് "ദ്വേധാ നാരായണീയം” എന്നു പട്ടേരി പറഞ്ഞതുപോലെ മക്കത്തായ വഴിക്കും മരുമക്കത്തായ വഴിക്കും ഇനിക്കു കള്ളനാവാനുള്ള യോഗവും വാസനയും അതികേമമായിരുന്നു. എന്റെ പാരമ്പര്യമാഹാത്മ്യത്തെ എല്ലാവരും പൂർണമായി അറിവാൻ വേണ്ടി നാലാമച്ഛനായ ഇക്കണ്ടകുറുപ്പിന്റെ മുത്തച്ഛനായിരുന്നു ഇട്ടിനാരായണൻ നമ്പൂതിരിയെന്നു കൂടി ഇവിടെ പറയേണ്ടതായി വന്നിരിക്കുന്നു. ഇട്യാറാണന്റെ കഥ കേൾക്കാത്ത വിഡ്‌ഢിയുണ്ടെങ്കിൽ അവനായിട്ട് ഇതു ഞാൻ എഴുതുന്നില്ല. ബാല്യത്തിൽത്തന്നെ എന്നെ അമര്യാദതാവഴിയിൽ നിന്നു വേർപെടുത്തുവാൻ വീട്ടിലുള്ളവരിൽ ചിലർ ഉത്സാഹിച്ചു. സാധിച്ചില്ലെങ്കിൽ അവരുടെ പ്രയത്നക്കുറവല്ലെന്ന് ഞാൻ സത്യം ചെയ്‌ത് കയ്‌പീത്തുകൊടുക്കാം. എന്റെ വാസനാബലം എന്നു മാത്രമേ പറവാനുള്ളൂ. വിദ്യാഭ്യാസവിഷയത്തിൽ ഞാൻ വലിയ മടിയനായിരുന്നു എന്ന് ഒരിക്കലും പറഞ്ഞുകൂടാ. എന്റെ സഹപാഠികളിൽ അധികം പേരും എന്നെക്കാൾ ബുദ്ധികുറഞ്ഞവരായിരുന്നു എന്നുലള്ളതിലേക്ക് ഞങ്ങളുടെ ഗുരുനാഥൻ തന്നെയാണ് സാക്ഷി. പത്തുകൊല്ലംകൊണ്ട് മുപ്പതുസർഗം കാവ്യം പഠിച്ച "ഗണാഷ്‌ടകവ്യുൽപ്പത്തി" മാത്രമായി അവശേഷിക്കുന്ന ഗംഭീരന്മാർ മലയാളത്തിൽ പലേടത്തും ഉണ്ട്. ഞാൻ അഞ്ചെട്ടു സർഗ്ഗം കാവ്യം പഠിച്ചിട്ടുണ്ട്. വ്യുൽപ്പന്നനായിയെന്ന് മേനി പറയത്തക്ക അറിവ് എനിക്കുണ്ടായില്ല. എങ്കിലും വ്യാഖ്യാനമുണ്ടെങ്കിൽ മറ്റു സഹായം കൂടാതെ ഒരുവിധം ഭാവം മനസ്സിലാകത്തക്ക വ്യുൽപ്പത്തി എനിക്കുണ്ടായി. ഇതു സമ്പാദിച്ചപ്പോഴേക്കും രണ്ടുവഴിക്കും കൂടി കിട്ടീട്ടുള്ള വാസനകൊണ്ട് ഇതിലൊന്നിലും ഇനിക്കു മോഹമില്ലാതെ തീർന്നു.


കാടരികിൽ വീടായതുകൊണ്ട് ഇടയ്‌ക്കിടെ കാട്ടിൽപോകുവാനും പല മൃഗങ്ങളായി നേരിടുവാനും സംഗതി വന്നതിനാൽ ബാല്യം മുതൽക്കു തന്നെ പേടി എന്ന ശബ്‌ദത്തിന് എന്നെ സംബന്ധിച്ചിടത്തോളം അർഥം ഇല്ലാതെവശായി. വായിക്കുന്ന കാലത്തുതന്നെ കോണം കക്കാറും പ്രഹരം കൊള്ളാറും ഉണ്ട്. എങ്കിലും ഇരുപതു വയസ്സു കഴിഞ്ഞപ്പോഴേക്കും എന്റെ പ്രകൃതം അശേഷം മാറി. ചില്ലറ കളവുവിട്ട് വൻതരത്തിൽ മോഹം തുടങ്ങി. വിലപിടിച്ച സാധനമായാലേ എന്റെ നോട്ടം ചെല്ലുകയുള്ളൂ. ചെന്ന ദിക്കിലെല്ലാം ഈരാറു പന്ത്രണ്ടുതന്നെ. ഇങ്ങനെ വളരെ ദ്രവ്യം സമ്പാദിച്ചു. എന്റെ പ്രവൃത്തിയിൽ ഞാൻ പിന്തുടർന്നിരുന്നത് നാലാം അച്ഛനെയല്ല. കളവ് ചെയ്യുന്നത് രണ്ടു വിധമാണ്. ഒന്ന് ദീവട്ടിക്കൊള്ള, മറ്റേത് ഒറ്റയ്ക്കുപോയി കക്കുക. ഇതു രണ്ടും തമ്മിലുള്ള വ്യത്യാസം തെളിനായാട്ടും തെണ്ടിനായാട്ടും പോലെയാകുന്നു. തെളിനായാട്ടായാൽ ഒരു മൃഗത്തെയെങ്കിലും കണ്ടെത്താതിരിക്കയില്ല. എന്നാൽ അത് ഇവനു തന്നെ വെടിവയ്ക്കുവാൻ തരമാകുന്നത് നിശ്ചയമില്ല. പങ്കിട്ടു കിട്ടുന്ന ഓഹരിയും വളരെ ചുരുക്കമായിരിക്കും. മൃഗത്തിന്റെ ചോടു നോക്കി പോകുന്നതായാൽ കിട്ടുവാൻ താമസവും കണ്ടെത്തിയാൽ വൈഷമ്യവും ഉണ്ടെന്നു പറയുന്നതു ശരിയായിരിക്കാം. അസ്വാധീനത്തിങ്കലും വൈഷമ്യത്തിലും അല്ലേ രസം? കണ്ടെത്തിക്കിട്ടായാൽ പ്രയോഗത്തിന്നു പങ്കുകാരില്ല. അതുകൊണ്ട് ഒറ്റയ്ക്കുള്ളതായിരിക്കുകയാണ് നല്ലത് എന്ന് എനിക്കു തോന്നി. നാലാമച്ഛൻ ഈ അഭിപ്രായക്കാരനായിരുന്നില്ല – അദ്ദേഹം പ്രാചീനൻതന്നെ. ‍ഞാൻ നവീനനും. എന്നാൽ ഇട്യാറാണാൻ മുത്തച്ഛൻ തിരുമനസ്സുകൊണ്ട് എന്റെ മതക്കാരനായിരുന്നു. ഇത്രവളരെക്കാലം മുമ്പുതന്നെ ഇദ്ദേഹത്തിനു നവീനബുദ്ധിയുണ്ടായിരിക്കുന്നത് വിചാരിക്കുമ്പോൾ ഇദ്ദേഹത്തിനെ അമാനുഷൻ എന്ന് ഇരിങ്ങാലക്കുട ഗ്രാമക്കാർ പറയുന്നത് അത്ര കഷ്‌ടമല്ല.


വീട്ടിൽനിന്നു ചാടിപ്പോന്നതിൽപ്പിന്നെ അഞ്ചു കൊല്ലത്തോളം ഞാൻ പുറത്തിറങ്ങി സമ്പാദിച്ചു. അപ്പോഴേക്ക് കൊച്ചി രാജ്യത്ത് പുതിയ പോലീസ് ഏർപ്പെടുത്തി. അക്കാലത്ത് തൃശ്ശിവപേരൂർക്ക് സമീപം ഒരു ദിക്കിൽ ഞാനൊരു കളവുനടത്തി. അത് ഗന്തർ സായ്പിന്റെ പരിവാരങ്ങൾക്ക് അശേഷം രസമായില്ലപോൽ. കളവുണ്ടായത് ഒരില്ലത്താണ്. ഗൃഹസ്ഥന്റെ മകനായിരുന്നു എനിക്ക് ഒറ്റ്. ഈ കള്ളൻ പാശികളിക്കാരനായിരുന്നു. അതിൽ വളരെ കടം പറ്റി. വീട്ടുന്നതിന് നിവൃത്തിയും ഉണ്ടായിരുന്നില്ല. എന്നിട്ടാണ് എന്നെ ശരണം പ്രാപിച്ചത്. അച്ഛൻ നമ്പൂതിരി ഉണരാതിരിപ്പാൻ കറുപ്പുകൂടിയ മരുന്നു ഞാൻ കുറെ കൊടുത്തിട്ടുണ്ടായിരുന്നു. അതു വൈകുന്നേരത്തെ പാലിലിട്ടുകൊടുപ്പാനാണ് ശട്ടം കെട്ടിയിരുന്നത്. നാലിൽ ഒന്നു മാത്രമേ കൊടുക്കാവു എന്ന് പ്രത്യേകം താക്കീതു ചെയ്‌തിട്ടുണ്ടായിരുന്നു. അകത്തുകടന്ന് ഒതുക്കാവുന്നതെല്ലാം ഞാൻ കൈക്കലാക്കി. നമ്പൂതിരിയുടെ തലയ്ക്കൽ ഒരു ആഭരണപ്പെട്ടി വച്ചിരുന്നതും തട്ടണമെന്ന് കരുതി അടുത്തുചെന്നു. അദ്ദേഹം ഉണരുമോ എന്നു വളരെ ഭയമുണ്ടായിരുന്നു. അതുണ്ടായില്ല. എങ്ങനെയാണ് ഉണരുന്നത്? ഒരിക്കലും ഉണരാത്ത ഉറക്കമാണ് അദ്ദേഹം ഉറങ്ങിയിരുന്നത്. ആ മഹൻ മഹാപാപി തന്റെ മനോരഥം സാധിക്കുന്നതിന്ന് ഒരു തടസ്സവും വരരുതെന്നു വിചാരിച്ച് ഞാൻ കൊടുത്ത മരുന്നു മുഴുവനെ പാലിലിട്ടു കൊടുത്തു. ഞാൻ എടുത്ത മുതലിൽ ആഭരണപ്പെട്ടി മുഴുവൻ എന്റെ സ്‌നേഹിതയായ കല്ല്യാണിക്കുട്ടിക്കു കൊടുത്തു. അവൾക്കു എന്നേയും എനിക്ക് അവളേയും വളരെ അനുരാഗമുണ്ടായിരുന്നു. പെട്ടിയിൽ നിന്ന് ഒരു പൂവെച്ചമോതിരം എടുത്ത് ഒരു ദിവസം രാത്രി എന്റെ എടത്തെക്കൈയിന്റെ മോതിരവിരലിന്മേൽ ഇടുവിച്ചു. അതു മുതൽക്ക് ആ മോതിരത്തെപ്പറ്റി ഇനിക്ക് അതിപ്രേമമായിരുന്നു. കുറച്ചു ഊരാഞ്ചാടിയായിരുന്നാലും ഞാൻ കയ്യിൽ നിന്ന് ഊരാറില്ല.


നമ്പൂതിരിയുടെ ഇല്ലത്തെ കളവുകവിഞ്ഞതിൽ വച്ച് എന്റെ മേൽ പോലീസ്സുക്കാർക്ക് സംശയം തോന്നി. ഉടനെ കൊടുങ്ങല്ലൂർ തലേക്കെട്ടും കളവുപോയി. അടുത്തകാലത്തിന്നുള്ളിൽ വേറെ രണ്ടു മൂന്നു കളവുകളും നടന്നു. പോലീസുകാരുടെ അന്വേഷണം കൊണ്ടുപിടിച്ചു. എല്ലാം കൂടി ഇനിക്കവിടെ ഇരിപ്പാൻ തരമില്ലെന്നുതോന്നി. കുറച്ചുദിവസത്തേക്ക് ഒഴിഞ്ഞുപോകണമെന്നു നിശ്ചയിച്ച് മദിരാശിക്ക് പുറപ്പെട്ടു. അവിടെച്ചെന്നാൽ യാതൊരു വിദ്യയും എടുക്കണമെന്നുണ്ടായിരുന്നില്ല. എന്റെ ഒരു കോടതിപൂട്ടൽപ്പോലെ വിചാരിച്ചാണ് ഞാൻ പുറപ്പെട്ടത്. കോടതി പൂട്ടിയാൽ പിന്നെ ഉദ്യോഗസ്ഥന്മാർക്ക് സൗഖ്യവും സൗന്ദര്യവും തെണ്ടി സഞ്ചരിക്കുകയല്ലേ തൊഴിൽ. അതുപോലെ ഞാനും ചെയ്വാൻ നിശ്ചയിച്ചു. മദിരാശിയിൽ നിന്ന് ഒരു മാസത്തോളം കാഴ്‌ച കണ്ടുനിന്നു. ഒരു ദിവസം ഗുജിലിത്തെരുവിൽ ചെന്നപ്പോൾ അതിസൗഭാഗ്യവതിയായ തേവിടിശ്ശി സാമാനം വാങ്ങുവാൻ വന്നിരുന്നു. അപ്പോൾ ആ പീടികയിൽ കുറച്ചു ജനത്തിരിക്കും ഉണ്ടായി. അതിനിടയിൽ ഒരു വിഡ്‌ഢ്യാൻ പകുതിവായയും തുറന്ന് കറപറ്റിയ കോന്ത്രമ്പല്ലും പുറത്തുകാട്ടി ആ തേവിടിശ്ശിയുടെ മുഖം നോക്കിനിന്നിരുന്നു. ഈ മന്നന്റെ നില കണ്ടപ്പോൾ ഇവനെ ഒന്നു പറ്റിക്കാതെ കഴിയില്ലെന്നു നിശ്ചയിച്ചു. വേണ്ടാസനത്തിനു പുറപ്പെടണ്ടാ എന്നു വച്ചിരുന്ന നിശ്ചയം തൽക്കാലം മറന്നുപോയി. ഉടനെ ഞാനും ആ കൂട്ടത്തിലേക്ക് അടുത്തുചെന്നു. അവന്റെ പോക്കറ്റിൽ എന്റെ എടത്തെ കയ്യിട്ടു. ഈ ജാതി കളവിൽ സാമർഥ്യമുണ്ടാകണമെങ്കിൽ അർജുനന്റെ സവ്യസാചിത്വവും അഭ്യസിച്ചിരിക്കണം. രണ്ടുകൈകൊണ്ടും ഒരുപോലെ പ്രയോഗിപ്പാൻ സാമർഥ്യം ഇല്ലാഞ്ഞാൽ പലതരങ്ങളും തെറ്റിപ്പോകുവാൻ ഇടയുണ്ട്. പോക്കറ്റിൽ നിന്ന് നോട്ടുപുസ്തകവും എടുത്ത് ഞാൻ വലത്തോട്ട് മാറി മടങ്ങിപ്പോരികയും ചെയ്തു. ഭക്ഷണം കഴിഞ്ഞ് രാത്രി കിടന്നുറങ്ങുമ്പോൾ കല്യാണിക്കുട്ടിയെ സ്വപ്നം കണ്ട് ഞെട്ടി ഉണർന്നു. ഏകസംബന്ധിജ്ഞാനമപരസംബന്ധിസ്‌മാരകമെന്ന ന്യായേന മോതിരത്തെപ്പറ്റി ഓർമവന്നു. തപ്പിനോക്കിയപ്പോൾ കൈയിന്മേൽ കണ്ടില്ല. ഇനിക്കു വളരെ വ്യസനമായി. എവിടെപ്പോയിരിക്കാമെന്ന് വളരെ ആലോചിച്ചു. ഒരു തുമ്പും ഉണ്ടായില്ല. പിറ്റേന്നാൾ കാലത്തെ എഴുന്നേറ്റ് തലേ ദിവസം നടന്ന വഴികളും ഭവനങ്ങളും പരിശോധിച്ചു. പലരോടും ചോദിക്കയും ചെയ്തു. പോലീസ് സ്റ്റേഷനിൽ ചെന്ന് അറിവ് കൊടുത്തു. വല്ല വിധേനയും അവരുടെ കൈവശത്തിൽ വരുവാൻ സംഗതിയുണ്ടെന്നു കരുതിയാണ് ആ കഥയില്ലായ്മ പ്രവർത്തിച്ചത്.


അന്നു ഉച്ചതിരിഞ്ഞ സമയത്ത് ഒരു കോൺസ്റ്റബിൾ ഞാൻ താമസിക്കുന്നേടത്തു വന്നു. അയാളെ കണ്ടപ്പോൾത്തന്നെ എന്റെ മോതിരം കിട്ടിയെന്ന് എനിക്കു തോന്നി. മടക്കിത്തരുവാനുള്ള മടികണ്ടപ്പോൾ വല്ല സമ്മാനവും കിട്ടണമെന്നാണെന്നു വിചാരിച്ചു ഞാൻ അഞ്ചുറുപ്പിക കയ്യിലെടുത്തു. “ഈ മോതിരം എന്റെ കൈയ്യിൽ വന്നത് എങ്ങനെയാണെന്നു നിങ്ങൾക്കു മനസ്സിലായോ” എന്നു ചോദിച്ചപ്പോൾ ഞാൻ അറിയാതെ സ്തംഭാകാരമായിട്ടു നിന്നു. ഇനിക്ക് ഓർമവന്നപ്പോൾ കൈവിലങ്ങും വച്ച് ദേഹപരിശോധനകഴിച്ച് പോക്കറ്റിൽ നിന്ന് നോട്ടുപുസ്തകവും എടുത്ത് മേശപ്പുറത്തു തന്നെ വച്ചിരിക്കുന്നു. ഈ വിഡ്‌ഢിത്തത്തിന്റെ സമ്പാദ്യം ആറുമാസവും പന്ത്രണ്ടടിയും തന്നെ. അതും കഴിച്ച് ഞാനിതാ പുറത്തുവന്നിരിക്കുന്നു. ഇത്ര കൊള്ളരുതാത്ത ഞാൻ ഇനി ഈ തൊഴിലിൽ ഇരുന്നാൽ നാലാമച്ഛന് അപമാനമേയുള്ളൂ. കളവു ചീത്തയാണെന്നല്ലേ എല്ലാവരും പറയുന്നത്. ഞാനെന്റെ തൊഴിലും താവഴിയും ഒന്നു മാറ്റി നോക്കട്ടെ. ഇതുവരെ ചെയ്‌ത പാപമോചനത്തിനും മേലിൽ തോന്നാതിരിപ്പാനും വേണ്ടി ഗംഗാസ്നാനവും വിശ്വനാഥദർശനവും ചെയ്യട്ടെ. പണ്ടു മുത്തശ്ശി സന്ധ്യാസമയത്ത് ചൊല്ലാറുണ്ട്:

No comments:

Post a Comment