വൈജ്ഞാനികസാഹിത്യം -സാഹിത്യശാഖ
വൈജ്ഞാനികസാഹിത്യം, പ്രപഞ്ചത്തിലെ സമസ്ത വിജ്ഞാനശാഖകളെയും സൂക്ഷ്മതയോടെ നിരീക്ഷിച്ച് വിലയിരുത്തി വിശകലനം ചെയ്യുന്ന ഒരു ധൈഷണികപ്രവൃത്തിയാണ് ഈ ശാഖയില്‍ നടക്കുന്നത്. സാഹിത്യചരിത്രം, ഭാഷാശാസ്ത്രം, വ്യാകരണം, വൃത്തം, അലങ്കാരശാസ്ത്രം, കല, നിഘണ്ടുവിജ്ഞാനകോശം, ചരിത്രം, സംസ്കാരം, പഴഞ്ചൊല്ലുകള്‍, ഐതിഹ്യങ്ങള്‍, വിദ്യാഭ്യാസം, ശാസ്ത്രം, ചലച്ചിത്രം, മനഃശാസ്ത്രം, മതം, തത്ത്വചിന്ത, രാഷ്ട്രവിജ്ഞാനം, സാമൂഹികശാസ്ത്രം, നിയമം, താരതമ്യസാഹിത്യപഠനം, സംസ്കാരപഠനം, ഭക്തിസാഹിത്യം, ദലിത് സാഹിത്യം, സ്ത്രീവാദസാഹിത്യം, വിവര്‍ത്തനം ഇങ്ങനെ വൈവിധ്യമാര്‍ന്ന വിഷയങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന ഒരു സാഹിത്യശാഖയാണ് വൈജ്ഞാനിക സാഹിത്യം.
മലയാളത്തിലും ഈ സാഹിത്യശാഖ സജീവമാണ്. വൈജ്ഞാനികപ്രപഞ്ചത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസൃതമായി പുതിയ സാഹിത്യരചനകള്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. അവയ്ക്കെല്ലാം മറ്റുഭാഷകളിലേതുപോലെ മലയാളത്തിലും വായനക്കാരും പഠിതാക്കളുമുണ്ട്. സാഹിത്യചരിത്രങ്ങള്‍ പലപ്രമുഖപണ്ഡിതന്മാരും എഴുതിയിട്ടുണ്ട്.
ആദ്യ മലയാള സാഹിത്യ ചരിത്രഗ്രന്ഥം പി. ഗോവിന്ദപ്പിള്ളയുടെ (സര്‍വ്വാധികാര്യക്കാര്‍) 'മലയാളഭാഷാചരിത്ര' (1881) മാണ്.
ആര്‍. നാരായണപ്പണിക്കര്‍, പി.കെ. പരമേശ്വരന്‍ നായര്‍, ടി.എം. ചുമ്മാര്‍,എന്‍. കൃഷ്ണപിള്ള തുടങ്ങിയവര്‍ ആദ്യകാല സാഹിത്യചരിത്രകാരന്മാരാണ്. ഡോ. കെ. എം. ജോര്‍ജ്ജ്, പ്രൊഫ. കെ.എം. തരകന്‍, ഡോ. എം. ലീലാവതി, ജി. ശങ്കരപ്പിള്ള, ആറ്റൂര്‍, ഡോ. പിവി. വേലായുധന്‍ പിള്ള തുടങ്ങി എണ്ണമറ്റ പണ്ഡിതന്മാര്‍ ഈ രംഗത്ത് വലിയ സംഭാവനകള്‍ നല്‍കിയവരാണ്. ഭാഷകളുടെ ഉത്ഭവം ഭാഷാഗോത്രങ്ങള്‍, ശബ്ദവിചാരം, ഉച്ചാരണം, ശബ്ദശാസ്ത്രം, രൂപനിഷ്പത്തി, അര്‍ഥ നിവേദനം, ഭാഷകളുടെ പരസ്പരബന്ധം തുടങ്ങിയ വിഷയങ്ങള്‍ ശാസ്ത്രീയമായി പഠിച്ച് അവതരിപ്പിക്കുന്ന രചനകള്‍ ധാരാളമുണ്ടായിട്ടുണ്ട്.
ഭാഷാശാസ്ത്രമെന്ന ഈ വിഭാഗത്തില്‍ മലയാളഭാഷയില്‍ ഗ്രന്ഥങ്ങള്‍ കുറവാണ്. എടമരത്തു സെബാസ്റ്റ്യന്‍ രചിച്ച 'ഭാഷാശാസ്ത്ര'(1922) മാണ് ഈ വിഭാഗത്തിലെ ആദ്യകൃതി. ഫാ. ക്ലെമസ് പിയാനിയസ് 'ആല്‍ഫബേത്തം ഗ്രന്ഥാനിക്കോ മലബാറിക്കം' (1772) എന്ന ഗ്രന്ഥം ലത്തീന്‍ഭാഷയില്‍ പ്രസിദ്ധീകരിച്ചു. അതിന്റെ മലയാളപരിഭാഷ ഫാ. എമ്മാനുവേല്‍ ആട്ടേല്‍ 'പ്രാചീന മലയാളലിപി മാല: പാഠവും പഠനവും' എന്ന പേരില്‍ നിര്‍വ്വഹിച്ചിട്ടുണ്ട്. ഇളംകുളം കുഞ്ഞന്‍പിള്ള, ഐ.സി. ചാക്കോ, ഡോ. കെ. കുഞ്ഞുണ്ണിരാജ തുടങ്ങിയ പ്രഗത്ഭര്‍ ഭാഷാ ശാസ്ത്രത്തില്‍ പണ്ഡിതോചിതമായ ഗ്രന്ഥങ്ങള്‍ രചിച്ചു. വ്യാകരണം, വൃത്തം, അലങ്കാര ശാസ്ത്രം എന്നീ വിഷയങ്ങളില്‍ നമുക്ക് വഴിയൊരുക്കിയത് വിദേശീയരാണ്. മലയാളത്തെ സംബന്ധിക്കുന്ന ആദ്യ ശാസ്ത്രഗ്രന്ഥം 'ലീലാതിലക'മാണല്ലോ. എന്നാല്‍ അതിനു നൂറ്റാണ്ടുകള്‍ക്കുശേഷമാണ് ഭാഷാ ശാസ്ത്ര ഗ്രന്ഥങ്ങളുണ്ടാകുന്നത്. ആഞ്ചലോസ് ഫ്രാന്‍സിസ്, കാള്‍ഡ്വല്‍, ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട്, അര്‍ണോസ് പാതിരി, ക്ലമന്‍റ് പാതിരി എന്നിവരുടെ സംഭാവനകള്‍ വളരെ വലുതാണ്. റവ. ജോര്‍ജ്ജ് മാത്തന്‍, വൈക്കത്ത് പാച്ചുമൂത്തത്, കോവുണ്ണി നെടുങ്ങാടി, എ.ആര്‍. രാജരാജവര്‍മ്മ, എ. ശേഷഗരിപ്രഭു, പി.കെ. നാരായണപിള്ള, ഐ.സി. ചാക്കോ, കുട്ടികൃഷ്ണമാരാര്‍ തുടങ്ങിയ ഭാഷാ ശാസ്ത്രപണ്ഡിതന്മാര്‍ ഈ വിഷയത്തില്‍ ശ്രദ്ധ പതിപ്പിച്ചവരാണ്. എ.ആര്‍. രാജരാജവര്‍മ്മ മലയാളവ്യാകരണത്തിന്റെ അടിത്തറ ഉറപ്പിച്ചു. നിഘണ്ടു-വിജ്ഞാനകോശനിര്‍മ്മാണത്തിലും മലയാളം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. മലയാളത്തിലെ ആദ്യനിഘണ്ടു-വിജ്ഞാനകോശനിര്‍മ്മാണത്തിലും മലയാളം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. മലയാളത്തിലെ ആദ്യനിഘണ്ടുവായി അംഗീകരിക്കപ്പെട്ടിരിക്കുന്നത് 1846-ല്‍ പ്രസിദ്ധീകരിച്ച റവ. ബെഞ്ചമിന്‍ ബെയ്ലിയുടെ 'എ ഡിക്ഷണറി ഓഫ് ഹൈ ആന്‍റ് കൊലേക്യല്‍ മലയാളം' ആണ്. ഇതില്‍ മലയാള പദങ്ങളുടെ അര്‍ത്ഥം ഇംഗ്ലീഷിലാണ് നല്‍കിയത്. ആദ്യത്തെ മലയാളം-മലയാളം നിഘണ്ടു റിച്ചാര്‍ഡ് കോളിന്‍സിന്റെ 'മലയാളനിഘണ്ടു' (1856)വാണ്. ഗുണ്ടര്‍ട്ട്, ശ്രീകണ്ഠേശ്വരം പത്മനാഭപിള്ള, ആനന്ദരാമശാസ്ത്രി, മണ്ണൂര്‍ പത്മനാഭപിള്ള, ടി രാമലിംഗം പിള്ള തുടങ്ങിയവരും ചില സ്ഥാപനങ്ങളും നിഘണ്ടുനിര്‍മ്മാണരംഗത്തെ പ്രമുഖരാണ്.
പ്രപഞ്ചത്തിലെ സകലവിഷയങ്ങളെക്കുറിച്ചും പ്രത്യേക ക്രമമനുസരിച്ച്, സംഗ്രഹിച്ച് പ്രതിപാദിക്കുന്ന പ്രാമാണികഗ്രന്ഥമായ വിജ്ഞാനകോശങ്ങളുടെ നിര്‍മ്മാണത്തിലും മലയാളഭാഷ വളരെ മുന്നിലാണ്. മലയാളത്തിലെ ആദ്യ വിജ്ഞാനകോശമായി അറിയപ്പെടുന്നത് ആര്‍. ഈശ്വരപിള്ള രചിച്ച സമസ്തവിജ്ഞാനഗ്രന്ഥാവലി (1936-37) ആണ്. മാത്യു എം. കുഴിവേലി, ശ്രീകണ്ഠേശ്വരം ജി. പത്മനാഭപിള്ള, വെട്ടം മാണി തുടങ്ങിയ പണ്ഡിതന്മാരും സാഹിത്യപ്രവര്‍ത്തകസഹകരണസംഘം, വിദ്യാര്‍ത്ഥിമിത്രം, പ്രഭാത് ബുക്ക് ഹൗസ്, ഡി.സി. ബുക്ക്സ് തുടങ്ങിയ പ്രസാധാനശാലകളും കേരള സര്‍ക്കാരിന്റെ സര്‍വ്വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ടും വിജ്ഞാനകോശ നിര്‍മ്മാണരംഗത്ത് ആധികാരികമായി പ്രവര്‍ത്തിക്കുന്നുണ്ട്.
നാടകം, കഥകളി, ചിത്രകല, നൃത്തം തുടങ്ങിയ ദൃശ്യകലകളിലും സംഗീതത്തിലും ഗ്രന്ഥങ്ങള്‍ മലയാളത്തിലുണ്ടായി. ഈ കലകളുടെ താത്ത്വി കവും സൈദ്ധാന്തികവും സൗന്ദര്യാത്മകവും പ്രായോഗികവുമായ ഘടകങ്ങള്‍ പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളാണവ. എ.ഡി. ഹരിശര്‍മ്മ, ആര്‍. നാരായണ പ്പണിക്കര്‍, എന്‍. എന്‍.പിള്ള, കെ.പി.എസ്. മേനോന്‍, കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ, ആറ്റൂര്‍ കൃഷ്ണപിഷാരോടി, എ.കെ.രവീന്ദ്രനാഥ് തുടങ്ങിയവരുടെ സംഭാവനകള്‍ നിസ്തൂലമാണ്. ചരിത്രവും സംസ്കാരവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വിശകലനം ചെയ്യുന്ന ഗ്രന്ഥങ്ങളില്‍ ആദ്യത്തേത് ഐതിഹ്യങ്ങളെ ആധാരമാക്കി രചിച്ച 'കേരളോല്‍പ്പത്തി' എന്ന ഗ്രന്ഥമാണ്. 18-ാം നൂറ്റാണ്ടിലാകാം ഇതിന്റെ രചന എന്ന് ഊഹിക്കുന്നു. 1868-ല്‍ ഡോ. ഗുണ്ടര്‍ട്ട് 'കേരളപഴമ' എന്ന ഗ്രന്ഥം രചിച്ചു. ക്രി.വ. 1498 മുതല്‍ 1587 വരെയുള്ള കേരളചരിത്രമാണ് ഉള്ളടക്കം. വൈക്കത്തു പാച്ചു മൂത്തതിന്റെ 'തിരുവിതാംകൂര്‍ ചരിത്രം' (1868) കെ. പി. പത്മനാഭമേനോന്റെ കൊച്ചി രാജ്യചരിത്രം' (1912) തുടങ്ങിയവ ആദ്യഘട്ടത്തിലെ ഗ്രന്ഥങ്ങളാണ്. കേസരി എ. ബാലകൃഷ്ണപിള്ള, ആറ്റൂര്‍ കൃഷ്ണപിഷാരോടി, ഇളംകുളം കുഞ്ഞന്‍പിള്ള, കെ.വി. ഗോപാല മേനോന്‍, സര്‍ദാര്‍ കെ. എം. പണിക്കര്‍, പി.എ. സെയ്തുമുഹമ്മദ്, ഡോ. എ.അയ്യപ്പന്‍, പ്രൊഫ. എം .ശ്രീധരമേനോന്‍, ശൂരനാട് കുഞ്ഞന്‍പിള്ള, കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട്, കെ.വി.എം., പി.കെ. ഗോപാലകൃഷ്ണന്‍, ഡോ.കെ.എന്‍. എഴുത്തച്ഛന്‍, ഡോ. എം .ജി. എസ്. നാരായണന്‍ തുടങ്ങിയ നിരവധി പ്രഗത്ഭരായ പണ്ഡിതന്മാര്‍ ചരിത്ര-സംസ്കാരപഠനരംഗത്ത് സജീവമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്നും ഈ രംഗം സജീവമാണ്.
ഏതുഭാഷയുടെയും അമൂല്യസമ്പത്താണ് പഴഞ്ചൊല്ലുകളും ഐതിഹ്യങ്ങളും. പഴയകാലത്ത് ജീവിച്ചിരുന്നവര്‍ പറഞ്ഞ അര്‍ത്ഥസമ്പുഷ്ടവും താത്ത്വികവുമായ സൂക്തങ്ങളാണ് പഴഞ്ചൊല്ലുകള്‍. ചുരുങ്ങിയ വാക്കുകള്‍കൊണ്ട് വലിയ ആശയങ്ങള്‍ സൃഷ്ടിക്കുന്നു അവ. പൗലിനോസ് പാതിരിയാണ് പഴഞ്ചൊല്ലുകള്‍ സമാഹരിച്ച് 'മലയാളച്ചൊല്ലുകള്‍' (Adagia Malabarica) എന്ന പേരില്‍ ആദ്യം പ്രസിദ്ധീകരിച്ചത്. 1791 ല്‍ റോമിലാണ് അതിന്റെ അച്ചടി. ഡോ. ഗുണ്ടര്‍ട്ടിന്റെ 'പഴഞ്ചൊല്‍മാല' (1896), പൈലോപോളിന്റെ 'പഴഞ്ചൊല്ലുകള്‍' (1902) എന്നിവ പിന്നീട് പുറത്തിറങ്ങി. തുടര്‍ന്ന് പല പ്രമുഖരും പഴഞ്ചൊല്ലുകള്‍ സമാഹരിച്ച് പുറത്തിറക്കി.
ഐതിഹ്യകഥകള്‍ കൊണ്ട് സമ്പന്നമാണ് മലയാളം. ഐതിഹ്യകഥകളെ ആധാരമാക്കി രചിച്ച 'കേരളോല്‍പത്തി' ആദ്യ ഐതിഹ്യകഥാസമാഹാരം എന്നുപറയാം. കൊട്ടാരത്തില്‍ ശങ്കുണ്ണി, കെ.എസ്. നീലകണ്ഠനുണ്ണി, മാലി തുടങ്ങിയവരും ഐതിഹ്യകഥാരചനയില്‍ വ്യാപൃതരായവരായിരുന്നു.
വിദ്യാഭ്യാസ സാഹിത്യശാഖയും മലയാളത്തില്‍ സാന്നിദ്ധ്യമുറപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം മുദ്രണാലയത്തില്‍ അച്ചടിച്ച വിദ്യാഭ്യാസത്തെക്കുറിച്ചുള്ള വിവരണം (1864) ആണ് ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച പ്രഥമകൃതി. മലയാളത്തിലുണ്ടായ മിക്കവാറും കൃതികള്‍ അധ്യാപന പരിശീലന ക്ലാസ്സുകളിലേയ്ക്കാവശ്യമുള്ളവയാകുന്നു. കെ. ചിദംബരവാധ്യാര്‍, വി. പപ്പു പിള്ള, കെ. രാമകൃഷ്ണപിള്ള, മുണ്ടശ്ശേരി തുടങ്ങി പല പ്രമുഖരും ഈ രംഗത്ത് സാഹിത്യരചന നടത്തി. മലയാളത്തില്‍ സജീവമായി മറ്റൊരു സാഹിത്യശാഖയാണ് ശാസ്ത്രം. നമ്മുടെ ഭാഷയില്‍ ശാസ്ത്രസംബന്ധമായ ലേഖനങ്ങള്‍ ആദ്യം പ്രത്യക്ഷപ്പെട്ടത് ഗുണ്ടര്‍ട്ട് നടത്തിയിരുന്ന 'പശ്ചിമോദയം' മാസികയിലായിരുന്നു. 1864-ല്‍ പ്രസിദ്ധീകരിച്ച 'ഗോവസൂരിപ്രയോഗം' അഥവാ 'വസൂരി നിയന്ത്രണം' എന്ന ഗ്രന്ഥം പ്രഥമഗ്രന്ഥമായി കണക്കാക്കുന്നു. ഡോ. കൃഷ്ണന്‍ പാണ്ടാല, ടി.കെ. കൃഷ്ണമേനോന്‍, എം. രാജരാജവര്‍ദ്ധന തമ്പുരാന്‍ തുടങ്ങിയവര്‍ ആദ്യകാല ശാസ്ത്രസാഹിത്യകാരന്മാരാണ്. ഡോ. കെ. ഭാസ്ക്കരന്‍ നായര്‍ക്ക് ഈ ശാഖയില്‍ നേതൃത്വപരമായ സ്ഥാനമുണ്ട്. പി.ടി. ഭാസ്ക്കരപ്പണിക്കര്‍, ഇന്ദുചൂഡന്‍, എം.സി. നമ്പൂതിരിപ്പാട് ഡോ.കെ.ജി. അടിയോടി തുടങ്ങിയ പണ്ഡിതന്മാര്‍ ശാസ്ത്രസാഹിത്യരംഗത്തെ ഊര്‍ജ്ജസ്വലമാക്കി. ശാസ്ത്രസാഹിത്യം ഇന്നും ശക്തമായ സാന്നിദ്ധ്യമാണ് മലയാള സാഹിത്യത്തില്‍.
ചലച്ചിത്രത്തോടൊപ്പം വളര്‍ന്നുവന്ന ഒരു സാഹിത്യമായിരുന്നില്ല ചലച്ചിത്രസാഹിത്യം. മലയാളസിനിമയുടെ വളര്‍ച്ചയ്ക്കൊപ്പമെത്താന്‍ അതിനു കഴിഞ്ഞില്ല. എന്നാല്‍ ഇന്ന് ചലച്ചിത്രസാഹിത്യശാഖ സജീവമാണ്. പ്രബലമായ ശാഖയായി അതുമാറിക്കഴിഞ്ഞു. മൂര്‍ക്കോത്തു കുഞ്ഞപ്പ രചിച്ച 'സിനിമ' (1951) ആണ് ആദ്യഗ്രന്ഥം. നാഗവള്ളി ആര്‍. എസ്. കുറുപ്പിന്റെ 'ചലച്ചിത്രകല'യാണ് മറ്റൊരു ആദ്യകാല കൃതി. വിജയകൃഷ്ണന്‍, തോട്ടം രാജശേഖരന്‍ തുടങ്ങിയവര്‍ ഈ ശാഖകള്‍ സമ്പുഷ്ടമാക്കി.
മഹാശാസ്ത്രം, മതം, തത്വചിന്ത, രാഷ്ട്രവിജ്ഞാനം, സാമൂഹികശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലും ധാരാളം ഗ്രന്ഥങ്ങള്‍ മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. താരതമ്യസാഹിത്യപഠനവും സംസ്കൃതപഠനവും വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്ന സാഹിത്യവിഷയങ്ങളാണ്. അതു പോലെ വളരെ വേഗത്തിലും ആഴത്തിലും പരപ്പിലും വളര്‍ന്നുകൊണ്ടിരിക്കുന്ന ശാഖകളാണ് ദലിത് സാഹിത്യം, സ്ത്രീപാദ സാഹിത്യം തുടങ്ങിയവ മറ്റുഭാഷകളിലെ ഈ ശാഖകളിലുള്ള സാഹിത്യത്തിന്റെ സ്വാധീനം മലയാളത്തിലും ഉണ്ടായി. മലയാളത്തില്‍ ഈ ശാഖകള്‍ ദുര്‍ബലമല്ല എന്നു തെളിയിക്കുന്നവിധം രചനകള്‍ സജീവമാണ്.