കായലരികത്ത്
കായലരികത്ത് വലയെറിഞ്ഞപ്പോൾ
വള കിലുക്കിയ സുന്ദരീ
പെണ്ണുകെട്ടിനു കുറിയെടുക്കുമ്പോൾ
ഒരു നറുക്കിനു ചേർക്കണേ
(കായലരികത്ത്...)
കണ്ണിനാലെന്റെ കരളിനുരുളിയിൽ
എണ്ണ കാച്ചിയ നൊമ്പരം (2)
ഖൽബിലറിഞ്ഞപ്പോൾ ഇന്നു ഞമ്മളു
കയറു പൊട്ടിയ പമ്പരം
ചേറിൽ നിന്നു ബളർന്നു പൊന്തിയ
ഹൂറി നിന്നുടെ കയ്യിനാൽ - നെയ്
ചോറു വെച്ചതു തിന്നുവാൻ
കൊതിയേറെ ഉണ്ടെൻ നെഞ്ചിലായ്
(ചേറിൽ നിന്നു... )
വമ്പെഴും നിന്റെ പുരികക്കൊടിയുടെ
അമ്പുകൊണ്ടു ഞരമ്പുകൾ
കമ്പൊടിഞ്ഞൊരു ശീലക്കുടയുടെ
കമ്പിപോലെ വലിഞ്ഞുപോയ്
(വമ്പെഴും... )
കുടവുമായ് പുഴക്കടവിൽ വന്നെന്നെ
തടവിലാക്കിയ പൈങ്കിളി
ഒടുവിലീയെന്നെ സങ്കടപ്പുഴ
നടുവിലാക്കരുതിക്കളീ
(കുടവുമായ്... )
വേറെയാണു വിചാരമെങ്കിലു
നേരമായതു ചൊല്ലുവാൻ
വെറുതെ ഞാനെന്തിനെരിയും വെയിലത്തു
കയിലും കുത്തി നടക്കണ്
(വേറെയാണു... )
കായലരികത്ത് വലയെറിഞ്ഞപ്പോൾ
വള കിലുക്കിയ സുന്ദരീ
പെണ്ണുകെട്ടിനു കുറിയെടുക്കുമ്പോൾ
ഒരു നറുക്കിനു ചേർക്കണേ
കായലരികത്ത് -വിശകലന സൂചനകള്‍
- ചിത്രം:നീലക്കുയില്‍(
- ഗാനരചന: പി ഭാസ്കരന്‍
- സംഗീതം : കെ രാഘവന്‍
- ആലാപനം : കെ രാഘവന്‍
- സംവിധാനം : പി ഭാസ്കരന്‍,രാമുകാര്യാട്ട്
- ഉറൂബിൻ്റെ കഥയെ ആസ്പദമാക്കി പി ഭാസ്കരനും രാമുകാര്യാട്ടും ചേർന്ന് സംവിധാനം ചെയ്ത ചാത്തപ്പന്‍റെ മകൾ നീലിപ്പുലിയുടെയും ശ്രീധരൻ മാസ്റ്ററുടെയും ദുരന്തവസായിയായ പ്രണയകഥയാണ് നീലക്കുയിൽ.
- 1954 ഒക്ടോബർ 22ന് ചിത്രം പുറത്തിറങ്ങി.
- ഒരു പുലയ പെണ്ണ് സവർണ്ണ ഹിന്ദുവുമായുള്ള പ്രണയകഥ പറയുന്ന സിനിമയിൽ ഈ മാപ്പിളപ്പാട്ടിന്‍റെ സംഗത്യമെന്താണ് ? പാട്ട് ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടും ആരും ചോദിക്കാതിരുന്ന ചോദ്യം.
- 1938 മുതൽ 1954 വരെയുള്ള സിനിമകൾ (ബാലൻ മുതൽ നീലക്കുയിൽ വരെ) 38 സിനിമകളിലെ 468 പാട്ടുകൾക്ക് ശേഷമാണ് നാട്ടുമൊഴികളുടെ ഈണമുള്ള ഒരു പാട്ട് ആദ്യമായി മലയാളക്കരയിൽ എത്തുന്നത്.
- ഹാസ്യ ഗാനമായി കരുതുന്ന ഈ പാട്ട് ഒന്നാന്തരം പ്രണയഗാനം കൂടിയാണ്.
- സുന്ദരിയുടെ കണ്ണേറ് കരളിന് ഉരുളിയിൽ എണ്ണ കാച്ചിയ നൊമ്പരം.
- ആ പ്രണയം ഹൃദയത്തിൽ തട്ടിയപ്പോൾ കാമുകൻ കയറു പൊട്ടിയ പമ്പരം.
- അവളുടെ പുരികം വളച്ചുള്ള നോട്ടം ഏറ്റപ്പോൾ അയാൾ കബോടിഞ്ഞ ശീല കുടയുടെ വളഞ്ഞ കമ്പി പോലെയായി.
- കുടവുമായി പുഴക്കടവിൽ വന്ന തടവിലാക്കിയ അവൾ സങ്കടപ്പെടുകയുടെ നടുവിൽ ആക്കുമോ എന്ന ഭയം.
- ഒടുവിൽ വേറെയാണ് വിചാരം എങ്കിൽ അത് പറയാൻ നേരമായി എന്ന് തുറന്നു പറയുന്നു.
- വെറുതെ എരിയും വെയിലത്ത് കൈയും കുത്തിയുള്ള നടപ്പ് ആക്കരുത്.
- മാപ്പിളപ്പാട്ടിനെ മലയാളിയുടെ മനസ്സിലേക്കും മലയാളിയെ മാപ്പിളപ്പാട്ടിന്റെ ചരിത്രത്തിലേക്കും ഈ പാട്ട് കൂട്ടിക്കൊണ്ടുപോയി. വി .ടി മുരളി- നിരീക്ഷണം.
- പാട്ടിനുള്ളിലെ മാപ്പിള സ്വത്വത്തിന്റെ ഭാഷ, നൊമ്പരം, പമ്പരം, ചേറ് ,നെയ്ച്ചോറ് , കമ്പും കമ്പിയും, വെയിലും കായലും അടങ്ങുന്ന കേരള സംസ്കാര ചിഹ്നങ്ങൾ .
- നീലക്കുയിലിന് അമരത്വമേറിയ നവോത്ഥാനത്തിന്റെ കൊടിയടയാളമായ മതേതര പ്രണയ ചിന്തയും ഒപ്പം ചേർന്നു നിൽക്കുന്ന കലർപ്പില്ലാത്ത കേരളീയ സ്വത്വവും ആണ് കായലിരികത്തെ വളകിലുക്കത്തിന് വീണ്ടും വീണ്ടും കാതോർത്തിരിക്കാൻ തലമുറകളെ പ്രേരിപ്പിച്ചു കൊണ്ടിരിക്കുന്നത്.
No comments:
Post a Comment