ബാലചന്ദ്രൻ ചുളളിക്കാട് എഴുതിയ കവിതയാണ് സന്ദർശനം. ഈ കവിത കവി അനുഭവിച്ച പ്രണയത്തെയും പ്രണയനഷ്ടത്തെയും വരച്ചുകാട്ടുന്നു.
തീവ്രമായി പ്രണയിച്ച കാമുകനും കാമുകിയും പിരിയുന്നു. വർഷങ്ങൾ ശേഷം ഒരു സന്ദർശനമുറിയിൽ കണ്ടുമുട്ടുന്നു.
പക്ഷെ ഒരുപാട് നാളുകൾക്ക് ശേഷം കണ്ടുമുട്ടിയ അവർക്ക് ഒന്നും സംസാരിക്കാൻ പറ്റുന്നില്ല. സന്ദർശകർക്കുള്ള മുറിയിൽ അവർ ഒന്നും മിണ്ടാതെ ഇരിക്കുകയാണ്.
ജനലിനപ്പുറത്തേയ്ക്ക് നോക്കുമ്പോൾ പകൽവെളിച്ചം മറഞ്ഞു സന്ധ്യയാകുന്നതാണ് കവി കാണുന്നത്. തന്റെ ജീവിതവും ആ പകൽവെളിച്ചം പോലെ പൊളിഞ്ഞു പോയി എന്ന് കവി ചിന്തിക്കുന്നു.
കാമുകിയുമൊത്തുള്ള മനോഹരനിമിഷങ്ങളുടെ ഓർമ്മകളെ മനസ്സിന്റെ ചില്ലുകൂട്ടിൽ അടച്ചിരിക്കുകയാണ് കവി. പുറത്തേയ്ക്ക് നോക്കുമ്പോൾ സന്ധ്യാസമയത്ത് കിളികൾ കൂടണയാൻ പോവുകയാണ്. കവി തന്റെ ഓർമ്മകളെയാണ് കൂട്ടിലടയ്ക്കുന്നത്. താനും കാമുകിയും പരസ്പരം നഷ്ടപ്പെട്ടവർ ആണെന്ന് ഒരു നിമിഷം മറന്നുവോ എന്ന് കവി സംശയിക്കുന്നു.
പ്രണയത്തിന്റെ ഓർമ്മകളിൽ കവിയുടെ നെഞ്ചിടിപ്പ് കൂടുന്നു. ശ്വാസം പോലും സംഗീതമായി മാറുന്നു.
പ്രണയിച്ചപ്പോൾ ചെമ്പകം പൂത്തപോലെയുള്ള കരൾ ആയിരുന്നു കവിയുടേത്. പക്ഷെ ആ കരൾ ഇപ്പോൾ പ്രണയനഷ്ടം കൊണ്ട് കരിഞ്ഞുപോയിരിക്കുന്നു.
പുക വലിച്ചു കറ പിടിച്ച ചുണ്ടിൽ നിന്ന് കവിത പോലും ഇപ്പോൾ പുറത്തേയ്ക്ക് വരുന്നില്ല .
കവിയ്ക്ക് പറയാനുള്ള കാര്യങ്ങൾ പറയാൻ പറ്റുന്നില്ല. തനിക്ക് പറയാനുള്ള കാര്യങ്ങളെ ചിറക് നിവർത്തുവാൻ കഴിയാതെ ഒറ്റയ്ക്ക് കരയുന്ന പക്ഷിയോടാണ് കവി ഉപമിക്കുന്നത്.
കവിയുടെ ചിന്തകൾ ഓർമ്മയാകുന്ന കടലിലൂടെ സഞ്ചരിക്കുകയാണ്. മൈലാഞ്ചിയണിഞ്ഞ പ്രണയിനിയുടെ കൈവിരലിൽ തൊട്ടപ്പോൾ തന്റെ മനസ്സിൽ സ്വപ്‍നങ്ങൾ നിറഞ്ഞതും കവി ഓർക്കുന്നു.
മനോഹരമായ അവളുടെ കണ്ണുകൾ കൊണ്ട് നോക്കിയപ്പോൾ തന്റെ മനസ്സ് പൂത്തുലഞ്ഞതും കവി ഓർക്കുന്നു.
പ്രണയിനിയുടെ കുങ്കുമത്തരി പുരണ്ട ചില പ്രണയാർദ്രനിമിഷളെക്കുറിച്ചുള്ള ഓർമ്മകൾ കവിയുടെ മനസ്സിൽ മറഞ്ഞുകിടക്കുന്നു.
കവി പഴയ ഓർമ്മകളിൽ നിന്നും വർത്തമാനകാലത്തെക്ക് വരുന്നു. തിരക്കേറിയ നഗരവീഥികളിൽ വാഹനങ്ങൾ ചീറിപ്പായുന്നു. കവിയും ഇപ്പോൾ നിരന്തരം നഗരത്തിരക്കുകളിൽപെട്ട് അലഞ്ഞു നടക്കുന്നു. മദ്യത്തിൽ മുങ്ങിയുള്ള നരകരാത്രികളാണ് ഇപ്പോൾ കവിയുടേത്. ഏതൊക്കെയോ ലോഡ്ജുകളിൽ ആണ് താമസിക്കുന്നത്.
ചില നിമിഷങ്ങളിൽ കവിയുടെ പ്രാണൻ ഒറ്റയ്ക്കാണ്. ആ നിമിഷത്തിൽ മനസ്സ് പഴയ കാലത്തിലൂടെ യാത്ര ചെയ്യും. അപ്പോഴും ഇരുളിൽ പ്രണയിനിയുടെ കരുണ നിറഞ്ഞ മുഖം ഉദിക്കുന്നതായി കവിയ്ക്ക് തോന്നുമായിരുന്നു. അത് കവിയ്ക്ക് ഒരു ആശ്വാസമായിരുന്നു.ഇങ്ങനെ ഓർമ്മകളിലും തനിയ്ക്ക് ആശ്വാസം നൽകുന്ന അവളോട് ഇപ്പോൾ നന്ദി പറയുന്നത് പോലും കവി ഒഴിവാക്കുന്നു. കാരണം എന്തെങ്കിലും പറഞ്ഞാൽ രണ്ടുപേരും കരഞ്ഞുപോകും. വീണ്ടും പിരിയുവാൻ സമയമായി. തങ്ങൾ പണ്ടേ പിരിഞ്ഞവരാണല്ലോ എന്ന് കവി ഓർക്കുന്നു. തങ്ങൾ രണ്ട് പേരും രാത്രിയുടെ നിഴലുകൾ ആണെന്ന് കവി കരുതുന്നു.
😢
ReplyDelete😇
ReplyDelete