Pages

Sunday, 8 January 2023

സംക്രമണം - കവിത - ആറ്റൂർ രവിവർമ്മ

കുറേനാളായുള്ളി- 
ലൊരുത്തിതൻ ജഡമാളിഞ്ഞു നാറുന്നു 

വിരലുകൾ മൂക്കിൽ 
തിരുകിയാണു ഞാൻ നടപ്പതെങ്കിലും 
അരികത്തുള്ളോരു-
മകലത്തുള്ളോരുമൊഴിഞ്ഞുമാറുന്നു  

അറിവുവെച്ചപ്പോൾ 
അവളുണ്ടെന് കണ്ണിലൊരു നൂലട്ടയായ്*
വിശപ്പിനാൽ  വാരി 
വലിച്ചുതിന്ന് ചത്തവന്ന് തള്ളയായ് 

ഒരു പെണ്ണിൻ തല-
യവൾക്കു ജന്മനാ കിടച്ചുവെങ്കിലു-
മതിന്റെ കാതിന്മേൽ 
കടലിരമ്പീല-തിര  തുളുമ്പീല 
മുഖത്തു  കണ്ണുക- 
ളതിന്നു  പാതിരയ്ക്കടക്കുവാൻ  മാത്രം,
ഒരു നിശബ്ദമാം 
മുറിവിൻ വക്കുകളതിന്റെ ചുണ്ടുകൾ 

മയങ്ങാറുണ്ടാവി-
ല്ലവളോളം വൈകിയൊരു നക്ഷത്രവും,
ഒരൊറ്റ സൂര്യനു-
മവളെക്കാൾ നേർത്തെ  പിടഞ്ഞെണീറ്റിലാ 
പുറപ്പെട്ടേടത്താ-
ണൊരായിരം കാതമവൾ നടന്നിട്ടും;
കുനിഞ്ഞു വീഴുന്നു-
ണ്ടൊരായിരം വട്ടം നിവർന്നു നിന്നിട്ടും;
ഉണർന്നിട്ടില്ലവ-
ളൊരായിരം നെഞ്ചിൽ ചവിട്ടുകൊണ്ടിട്ടും 

ഒരു കുറ്റിച്ചൂല്-
ഒരു നാറത്തേപ്പ്*-ഞെണുങ്ങിയ വക്കാർ-
ന്നൊരു കഞ്ഞിപ്പാത്രം 
ഒരട്ടി മണ്ണവൾ !

ഗതികിട്ടാത്തതാ-
മവൾ തന്നാത്മാവിന്നൊരു യന്ത്രം പോലെ-
യഴിച്ചെടുത്തു ഞാ- 
നതി സൂക്ഷ്മം വേറൊരുടലിൽ  ചേർക്കാവൂ!

ഒരു നൂലട്ടപോ-
ലിഴയും പെണ്ണിന്റെയുടലിനോടല്ല ;
വിശക്കുമ്പോളൂരി-
ലിറങ്ങുന്ന നരഭുക്കാം  കടുവയിൽ 

(ഇനിയുമുണ്ണിക -
ളു റങ്ങുമ്പോഴത്തിൻ  മുരൾച്ച കേൾക്കാവൂ 
മലയുടെ താഴെ 
വയലിനക്കരെ, കതകിനപ്പുറം )
അവളുടെ നാവി -
ന്നെടുത്തു  വേറൊരു കുരലിൽ ചേർക്കാവൂ;
ഇറയത്തെച്ചിലു 
രുചിച്ചിട്ടുന്നൊരു കൊടിച്ചിയിലല്ല;
വിശക്കുമ്പോഴിര 
വളഞ്ഞു കൊന്നുതിന്നീടുന്ന ചെന്നായയിൽ 

പൂരങ്ങളും ജന -
പദങ്ങളും ചൂഴും വനവഹ്നികളി-
ലവൾതന്നുഗ്രമാം 
വിശപ്പു  ചേർക്കാവൂ, കലർത്തിടാവൂഞാ -
നവൾ തൻ വേദന 

ചലവും ചോരയുമൊലിക്കും സന്ധ്യയിൽ,
അവളുടെ ശാപ -
മണയ്ക്കാവൂ  വിളനിലങ്ങളെയുണ-
കിട്ടുന്ന സൂര്യനിൽ 

വസൂരിമാലകൾ കുരുത്ത വ്യോമത്തിൽ 
ബലിമൃഗമായി-
ട്ടെടുത്തിടാവൂ ഞാനവളുടെ മൃതി.

No comments:

Post a Comment